സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിച്ചു; ഈസ്റ്റർ ദിനത്തിന് മുൻപ് എല്ലാ രൂപതകളിലും പുതിയ കുർബാന രീതി

സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിച്ചു. മാർപ്പാപ്പയുടെ ഉത്തരവ് നവംബർ 28ന് നടപ്പാക്കണമെന്ന് മെത്രാന്മാർക്ക് നിർദ്ദേശം നൽകി. എതിർപ്പുള്ള പള്ളികളിൽ ബോധവൽക്കരണത്തിലൂടെ തീരുമാനം നടപ്പിലാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഈസ്റ്റർ ദിനത്തിന് മുൻപ് എല്ലാ രൂപതകളിലും പുതിയ കുർബാന രീതി ഉണ്ടാകണമെന്നാണ് സിനഡ് നിർദ്ദേശം. സഭയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈയിലാണ് സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിക്കാൻ തീരുമാനമായത്. പുതിയ ഉത്തരവ് പ്രകാരം കുര്‍ബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉള്‍പ്പെടെയുള്ള ചില രൂപതകള്‍ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഉത്തരവ് നടപ്പാകുന്നതോടെ എറണാകുളം- അങ്കമാലി, ചങ്ങനാശേരി, തൃശൂര്‍ തുടങ്ങിയ അതിരൂപതകളിലും മാറ്റം അനിവാര്യമാണ്. അതേസമയം, ആരാധനാ ക്രമ എകികരണത്തെ എതിർത്ത് എറണാകുളം-അങ്കമാലി അതിരൂപത രം​ഗത്ത് വന്നു. മാർപ്പാപ്പയ്ക്ക് പരാതി നൽകുമെന്ന് അതിരൂപത സംരക്ഷണ സമിതി അറിയിച്ചു. സിനഡ് തീരുമാനം പിൻവലിച്ച് നിലവിലെ ജനാഭിമുഖ്യ കുർബാന തുടരാൻ അനുവദിക്കണമെന്നാണ് ആവശ്യം. സിനഡിലെ മൂന്നിലൊന്ന് മെത്രാന്മാർ ആരാധനാക്രമ ഏകീകരണത്തെ എതിർത്തെന്ന് വൈദികർ പറയുന്നു.
Tags