ലോകം ഇന്ന് ഇന്ത്യയുടെ അത്ഭുതത്തെ നോക്കിക്കാണുന്നു; സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി

ന്യൂഡൽഹി : നിരവധി പാരമ്പര്യങ്ങളുടെ ഉറവിടമായ ഇന്ത്യയുടെ അത്ഭുതങ്ങളെ ലോകം ഇന്ന് ഉറ്റുനോക്കുകയാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. നിരവധി തലമുറകളിലെ ധീര നേതാക്കളുടെപോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഈ ദിവസം. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഓരോ പൗരനും ആശംസകൾ നേരുന്നതായി അദ്ദേഹം അറിയിച്ചു. സ്വാതന്ത്ര്യ ദിനം എന്നത് ഓരോ ഇന്ത്യക്കാരനും ഒരു ഉത്സവമാണ്. ‘ആസാദി കാ അമൃത മഹോത്സവ്’ എന്ന പേരിലാണ് ഈ സ്വാതന്ത്ര്യ ദിനം നാം ആഘോഷിക്കുന്നത്. തലമുറകളോളം പോരാടിയ ധീര നേതാക്കളുടെ ത്യാഗത്തിന്റെ ഫലമാണ് ഈ ദിവസം. ഇന്ന് നാം ഓരോരുത്തരും ഭയം കൂടാതെ ജിവിക്കുന്നതിന് കാരണം അവരാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി ജീവൻ നൽകിയ ധീര ബലിദാനികളെ ബഹുമാനപൂർവ്വം പ്രണമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടിഷുകാരുടെ കോളനിവത്കരണത്തിൽ നിന്നും രക്ഷ നേടാനും പുതിയ ഒരു രാജ്യം കെട്ടിപ്പടുക്കാനും മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളാണ് നമ്മെ മുന്നിൽ നിന്ന് നയിച്ചത്. അവരെ നാം ഇന്നും മാതൃകയായി കാണുന്നു. മറ്റ് വിദേശ രാജ്യങ്ങളെപ്പോലെ തന്നെ നമ്മുടെ രാജ്യത്തിനും ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ അനീതിയും അസമത്വവും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിനായി നാം തെരഞ്ഞെടുത്ത പാത മറ്റ് രാജ്യങ്ങളിൽ നിന്നും ഭാരതത്തെ വ്യത്യസ്ഥമാക്കി. സത്യത്തിന്റെയും അഹിംസയുടേയും പാതയിലൂടെ നമ്മെ നയിച്ച മഹാത്മാ ഗാന്ധി പിന്നീട് എല്ലാവർക്കും മാതൃകയായി. രാജ്യത്തിന്റെ ധർമ്മവും ഇന്ത്യൻ പൗരന്മാരുടെ അന്തസ്സും തിരികെ കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത് എന്നും രാഷ്‌ട്രപതി പറഞ്ഞു. കഴിഞ്ഞ 75 വർഷത്തെ സ്വാതന്ത്ര ഇന്ത്യയിലേക്ക് നാം തിരിഞ്ഞ് നോക്കുമ്പോൾ ഓരോ നിമിഷവും അഭിമാനിക്കാനുള്ള കാരണങ്ങളാണ് ലഭിക്കുന്നത്. സമാധാനവും സുസ്ഥിരവുമായ ചുവടുകൾ വേഗത്തിലുള്ള മുന്നേറ്റങ്ങളെക്കാൾ അഭികാമ്യമാണെന്ന് മഹാത്മാ ഗാന്ധി നമ്മെ പഠിപ്പിച്ചു. വിവിധ പാരമ്പര്യങ്ങളുടെ ഉറവിടമായ ഇന്ത്യയുടെ അത്ഭുതത്തെ ലോകം ഇന്ന് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു. കൊറോണ സാമ്പത്തികമേഖലയെ ബാധിച്ചുവെന്നും എന്നാൽ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളേയും രാഷ്‌ട്രപതി അഭിനന്ദിച്ചു. ടോക്കിയോ ഒളിംപിക്‌സിൽ രാജ്യത്തിന്റെ കീർത്തി ഉയർത്തിയ നേട്ടമാണ് കായികതാരങ്ങൾ നേടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags