ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ അർഹമായ പാരിതോഷികം നൽകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ
August 09, 2021
മലപ്പുറം : ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ അർഹമായ പാരിതോഷികം നൽകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. കേരളം മാത്രമാണ് ഇത്തരം വിലകുറഞ്ഞ രീതിയിൽ കായിക താരങ്ങളോട് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യൻ ടീമിലെ കളിക്കാർക്ക് അവരുടെ സംസ്ഥാനങ്ങൾ വലിയ പരിഗണന നൽകുമ്പോൾ ശ്രീജേഷിനെ അപമാനിക്കരുത്. ഹോക്കിയിൽ രാജ്യം മെഡൽ നേടിയതിൽ നിർണായക പ്രകടനം നടത്തിയ താരമാണ് ശ്രീജേഷ്. എന്നിട്ടും അദ്ദേഹത്തിന് ഇതുവരെ സർക്കാർ ഒന്നും പ്രഖ്യാപിച്ചില്ല. മറ്റു സംസ്ഥാനങ്ങളെല്ലാം അവിടുത്തെ മെഡൽ ജേതാക്കൾക്ക് വലിയ പാരിതോഷികങ്ങളാണ് നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ലീഗ്-സിപിഎം വിഷയവും മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പരാമർശിച്ചു. മുസ്ലിം ലീഗ്- സിപിഎം സഖ്യത്തിന് വേണ്ടിയുള്ള അണിയറ നീക്കങ്ങളാണ് കെ.ടി ജലീൽ നടത്തുന്നത്. ലീഗിനെ കിട്ടിയില്ലെങ്കിൽ അതിനകത്തെ പ്രബലമായ ഒരു വിഭാഗത്തെ അടർത്തിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 10 വർഷം അധികാരമില്ലാതെ ലീഗിന് നിൽക്കാനാവില്ലെന്നത് സത്യമാണ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ലീഗിനകത്തെ ആഭ്യന്തര തർക്കമായി കാണാനാവില്ല. ദീർഘകാലമായുള്ള പണമിടപാടുകളുടെ എല്ലാം പ്രശ്‌നമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു
Tags