കർണാടക മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സത്യപ്രതിജ്ഞ ചെയ്തത് 29 മന്ത്രിമാർ; ഉപമുഖ്യമന്ത്രി ഇല്ല

ബംഗളൂരു : കർണാടകയിൽ 29 മന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബസവരാജ് എസ് ബൊമ്മെ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് പുതിയ മന്ത്രിമാരെ അണിനിരത്തിക്കൊണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. എന്നാൽ ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. പുതിയ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 29 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ബംഗളൂരുവിലെ രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും ചടങ്ങിൽ പങ്കെടുത്തു. പുതുമുഖങ്ങൾക്ക് കൂടുതൽ പരിഗണന നൽകിക്കൊണ്ടാണ് പുതിയ മന്ത്രിസഭാ രൂപീകരണം നടന്നിരിക്കുന്നത്. ഒബിസി വിഭാഗത്തിൽ നിന്നും വൊക്കലിംഗ സമുദായത്തിൽ നിന്നും ഏഴ് മന്ത്രിമാർ വീതമുണ്ട്. ലിംഗായത്ത് സമുദായത്തിൽ നിന്നും എട്ട് പേർ ഇടം പിടിച്ചു. എസ് സി വിഭാഗത്തിൽ നിന്നും മൂന്നും എസ് ടി വിഭാഗത്തിൽ നിന്നും ഒരാളെയും തെരഞ്ഞെടുത്തു. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള രണ്ട് പേരും മന്ത്രിസഭയിലുണ്ട്. ഒരു വനിതാ അംഗത്തിനും സ്ഥാനം നൽകിയിട്ടുണ്ട്. അനുഭവ സമ്പത്തിന്റേയും പുത്തൻ കരുത്തിന്റേയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് ബൊമ്മെ നേരത്തെ സൂചിപ്പിച്ചിരുന്നു. മുതിർന്ന നേതാക്കൾക്ക് പകരം പുതുമുഖങ്ങളെ മുൻപന്തിയിലേയ്‌ക്ക് കൊണ്ടുവരാനാണ് തീരുമാനം എന്നാണ് അദ്ദേഹം പറഞ്ഞത്. തുടർന്ന് ഡൽഹിയിലെത്തിയ ബൊമ്മെ ബിജപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിസഭാ പുനഃസംഘടന നടത്തിയത്.
Tags