മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മരണത്തിന്റെ വ്യാപാരികൾ; കേരളം നാണം കെട്ടു നിൽക്കുന്നു; സെക്രട്ടറിയേറ്റിനു മുൻപിലേക്ക് ശവമഞ്ച യാത്ര നടത്തി യുവമോർച്ച

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പിണറായി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. സെക്രട്ടറിയേറ്റിനു മുൻപിലേക്ക് ശവമഞ്ച യാത്ര നടത്തി. സംസ്ഥാനത്തെ കൊറോണ പ്രതിദിന രോഗികളുടെ 30,000 പിന്നിട്ടതോടെയാണ് സർക്കാരിനെതിരെ യുവമോർച്ച രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജും മരണത്തിന്റെ വ്യാപാരികളാണെന്ന് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തെ കൊറോണ സാഹചര്യം രൂക്ഷമാകാൻ കാരണം ഇരുവരുമാണ്. സംസ്ഥാന സർക്കാറിന്റെ കൊറോണ പ്രതിരോധം അശാസ്ത്രീയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇൻസ്റ്റിറ്റിയൂഷണൻ ക്വാറൻറ്റൈൻ ഒരുക്കുന്നതിൽ സർക്കാർ കാണിച്ച അലംഭാവമാണ് തീവ്ര വ്യാപനത്തിന് കാരണമായത്. കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ വാക്‌സിൻ പോലും ഫലപ്രദമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാറിന് സാധിച്ചിട്ടില്ല. കേരളത്തിന് മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ തലകുനിച്ച് നാണംകെട്ട് നിൽക്കേണ്ടി വന്നിരിക്കുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ് പൂർണ്ണ പരാജയമാണെന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ വ്യക്തമായിരിക്കുന്നു. കേരളത്തിലെ ജനങ്ങൾ മുഴുവൻ ആശങ്കയുടെ മുൾമുനയിലാണ്.മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മരണത്തിന്റെ വ്യാപാരികൾ ആയി മാറിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു അദ്ധ്യക്ഷത വഹിച്ചു, യുവമോർച്ച നേതാക്കളായ ചന്ദ്രകിരൺ, അഭിലാഷ് അയോധ്യ, വലിയവിള ആനന്ദ്, കിരൺ,രാമേശ്വരം ഹരി, വിപിൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
Tags