ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ സാധാരണക്കാരോട് ക്രൂരത തുടർന്ന് പോലീസ്. കരമനയിൽ മീൻ വിൽപ്പനക്കാരിയുടെ മീൻ കുട്ട പോലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി

തിരുവനന്തപുരം : ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ സാധാരണക്കാരോട് ക്രൂരത തുടർന്ന് പോലീസ്. കരമനയിൽ മീൻ വിൽപ്പനക്കാരിയുടെ മീൻ കുട്ട പോലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. കരമന സ്വദേശിനി മരിയ പുഷ്പമാണ് പോലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വൈകീട്ടോടെയായിരുന്നു സംഭവം. കരമന പാലത്തിന് സമീപം മീൻ വിൽക്കുകയായിരുന്നു പുഷ്പ. ഇതിനിടെ രണ്ട് പോലീസുകാർ എത്തി ഇവിടെ മീൻ വിൽക്കരുതെന്ന് അറിയിച്ചു. എന്നാൽ രാവിലെ മുതൽ പാലത്തിന് സമീപം മീൻ വിൽക്കുകയാണെന്നും, എന്താണ് കുഴപ്പമെന്നും പുഷ്പ ചോദിച്ചു. ഇതേ തുടർന്ന് കയർത്ത പോലീസ് മീൻ കുട്ട തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് പുഷ്പയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു. അതേസമയം മീൻ കുട്ട തട്ടിത്തെറിപ്പിച്ചില്ലെന്ന് പോലീസുകാർ പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ആഴ്ചകൾക്ക് മുൻ ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ ആറ്റിങ്ങൽ സ്വദേശിനിയും മീൻ വിൽപ്പനക്കാരിയുമായ അൽഫോൺസയുടെ മീൻ കുട്ട നഗരസഭാ ജീവനക്കാർ തട്ടിത്തെറിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടാകുന്നത്.
Tags