കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ ഫോൺവിളികളുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. കസ്റ്റംസാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്

തൃശ്ശൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ ഫോൺവിളികളുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. കസ്റ്റംസാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്. ജയിൽ അധികൃതരിൽ നിന്നും കസ്റ്റംസ് കൊടി സുനിയുടെ ഫോൺ വിശദാംശങ്ങൾ തേടി. നിലവിൽ വിയ്യൂർ ജയിലിലാണ് കൊടി സുനിയുള്ളത്. അടുത്തിടെ ഇയാളുടെ സെല്ലിൽ നിന്നും മൊബൈൽ ഫോണും കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോണിന്റെയും, ഉപയോഗിച്ച സിം കാർഡിന്റെയും നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങളാണ് അന്വേഷണ സംഘം ജയിൽ അധികൃതരോട് ആരാഞ്ഞിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രധാനപ്രതി അർജുൻ ആയങ്കിയാണ് കൊടി സുനി, ടിപി വധക്കേസിലെ മറ്റൊരു പ്രതിയായ ഷാഫി എന്നിവർക്കെതിരെ കസ്റ്റംസിന് മൊഴി നൽകിയത്. ഇതേ തുടർന്ന് ഇവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ കൊടി സുനി ഇടപെട്ടുവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇതിൽ വിശദമായ അന്വേഷണം നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കൊടി സുനിയുടെ സെല്ലിൽ നടത്തിയ പരിശോധനയിൽ ഫോണും കഞ്ചാവും പിടിച്ചെടുത്തത്. തുടർന്ന് സുനിയെ വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു.
Tags