സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങളില്ല; മുഹറം, ഓണം ഒത്തുചേരലുകളില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധന നടത്തണം; പനിയടക്കം രോഗലക്ഷണമുളളവര്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം
August 24, 2021
തിരുവനന്തപുരം: വിവിധ ഒത്തുചേരലുകളില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധന നടത്തണമെന്ന് ഉത്തരവുമായി തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഓണാഘോഷത്തിലോ, മുഹറം ഒത്തുചേരലുകളിലോ പങ്കെടുത്തവരാണ് കൊവിഡ് പരിശോധന നടത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എൽ ഷിനു അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങളില്ല.
മാത്രമല്ല തലവേദന, ക്ഷീണം, ചുമ, പനി, ശരീരവേദന, തൊണ്ടവേദന എന്നിങ്ങനെ ഏതെങ്കിലും ശാരീരിക വിഷമതകള്‍ അനുഭവപ്പെടുന്നവര്‍ പരിശോധയ്‌ക്ക് വിധേയരാകുകയും നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയാനും നിര്‍ദ്ദേശമുണ്ട്.
കൊവിഡ് രോഗവ്യാപനം തടയാന്‍ കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും കൂട്ടായ്‌മകളില്‍ പങ്കെടുത്തവര്‍ വീട്ടിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വീട്ടിലെ കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് കരുതല്‍ വേണമെന്നും രോഗസാദ്ധ്യത കണ്ടാല്‍ കൊവിഡ് പരിശോധന നടത്തണമെന്നുമാണ് ഡിഎംഒ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി വീടിനടുത്തുളള ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം.
Tags