ജമ്മുകശ്മീരിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും വീരമൃത്യുവരിച്ച സൈനികരുടെ പേര് നൽകാൻ തീരുമാനം
August 06, 2021
ശ്രീനഗർ: ജമ്മുകശ്മീരിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും വീരമൃത്യുവരിച്ച സൈനികരുടെ പേര് നൽകാൻ തീരുമാനം. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള ആദരസൂചകമായാണ് സ്‌കൂളുകൾക്ക് അവരുടെ പേര് നൽകുന്നത്. വീരമൃത്യുവരിച്ച പട്ടാളക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സിആർപിഎഫ് ജവാന്മാർ എന്നിവരുടെ പേരുകൾ നൽകും.
ഇതുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ, ദോഡ, റിയാസി, പൂഞ്ച്, രജൗരി, കത്വ, സാംബ, റമ്പാൻ, കിഷ്ത്വർ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർക്ക് ഡിവിഷണൽ കമ്മീഷണർ കത്തെഴുതി. വീരമൃത്യുവരിച്ച സൈനികരുടെ പേരുകൾ നൽകാൻ സാധിക്കുന്ന സർക്കാർ സ്‌കൂളുകളുടെ വിവരങ്ങൾ കണ്ടെത്തണമെന്നാണ് നിർദ്ദേശം. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
പദ്ധതിയ്‌ക്ക് വേണ്ടിയുള്ള വിവര ശേഖരണത്തിന്, ജമ്മുകശ്മീർ സർക്കാർ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ഒരു കമ്മിറ്റി രൂപീകരിക്കാനും ഡെപ്യൂട്ടി കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ആദ്യം പഞ്ചാബ്, സർക്കാർ സ്‌കൂളുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് നൽകിയിരുന്നു. 17 സ്‌കൂളുകളുടെ പേരുകളാണ് ഇത്തരത്തിൽ മാറ്റിയത്.
Tags