ഡി.സി.സി. പുനഃസംഘടനയിൽ അതൃപ്തിയില്ലെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്റുമായി ചർച്ചകൾ നടക്കുകയാണെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ്സ് നേതാക്കൾക്കെതിരെയാ പോസ്റ്റർ പ്രതിഷേധം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിക്കാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഡി.സി.സി. പ്രസിഡന്റ് പട്ടിക കോൺഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു. തിരുവനന്തപുരത്ത് പാലോട് രവി തന്നെ ഡി.സി.സി. അധ്യക്ഷനാകും. പാലക്കാട് വി.ടി. ബലറാമിന് അധ്യക്ഷ സ്ഥാനമില്ല.
ഡി.സി.സി. അധ്യക്ഷന്മാരെ ചൊല്ലി കോൺഗ്രസിൽ പ്രതിഷേധം കനയ്ക്കുന്ന സാഹചര്യത്തിൽ നേതാക്കളെ അനുനയിപ്പിക്കാൻ നീക്കവുമായി ഹൈക്കമാൻഡ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ്സ് പുനഃസംഘടനയിൽ ഗ്രൂപ്പുകളെ തഴഞ്ഞ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ നടപടിക്ക് പിന്നാലെ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നേതൃത്വം. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇരു നേതാക്കളുമായും ചർച്ച നടത്തിയിരുന്നു.