ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റാണ് ഇന്ത്യക്കുള്ളത്. വെസ്റ്റ് ഇൻഡീസ്, പാകിസ്താൻ ടീമുകൾ രണ്ടാം സ്ഥാനം പങ്കിടുകയാണ്. പാകിസ്താനും വിൻഡീസിനും 12 പോയിൻ്റുകൾ വീതമുണ്ട്. (WTC India Top Spot) ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ട് മത്സരങ്ങളിൽ രണ്ടാമത്തെ ടെസ്റ്റ് ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ ടെസ്റ്റ് സമനിലയായി. ഇതോടെ ഇന്ത്യക്ക് 16 പോയിൻ്റ് ലഭിച്ചു. ആദ്യ മത്സരത്തിൽ ഓവർ നിരക്ക് കുറഞ്ഞതിനാൽ ഐസിസി ഇന്ത്യയുടെ രണ്ട് പോയിൻ്റുകൾ കുറച്ചു. ഇതോടെ ആകെ പോയിൻ്റ് 14. പാകിസ്താൻ-വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ഓരോ ടെസ്റ്റുകൾ വീതം ഇരു ടീമുകളും വിജയിച്ചു. ഇതോടെ ഇരു ടീമുകൾക്കും 12 പോയിൻ്റ് വീതം ലഭിച്ചു. ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. 2 പോയിൻ്റാണ് ഇംഗ്ലണ്ടിനുള്ളത്. ആദ്യ ടെസ്റ്റ് സമനിലയാക്കി 4 പോയിൻ്റ് നേടിയെങ്കിലും ഓവർ നിരക്ക് കുറഞ്ഞതിനാൽ ഐസിസി ഇംഗ്ലണ്ടിൻ്റെ രണ്ട് പോയിൻ്റ് വെട്ടിച്ചുരുക്കി. അഞ്ച് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-0 എന്ന സ്കോറിനു ലീഡ് ചെയ്യുകയാണ്. ട്രെൻഡ്ബ്രിഡ്ജിൽ നടന്ന ആദ്യ മത്സരം സമനില ആയപ്പോൾ ലോർഡ്സിൽ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കി. 151 റൺസിന്റെ ത്രസിപ്പിക്കും ജയമാണ് ഇന്ത്യ ലോർഡ്സിൽ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ഇന്ന് ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. പരുക്ക് ഭേദമായെങ്കിലും താക്കൂർ ടീമിൽ കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിൽ വളരെ ഗംഭീരമായി പന്തെറിഞ്ഞ നാല് പേസർമാരെയാവും ഇന്ത്യ മത്സരത്തിൽ പരിഗണിക്കുക. പിച്ച് പരിഗണിച്ച് സ്പിന്നർ ആർ അശ്വിന് ടീമിൽ ഇടം നൽകിയേക്കാനും സാധ്യതയുണ്ട്. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് പുറത്തായിരുന്നു. തോളിനേറ്റ പരുക്കിനെ തുടർന്നാണ് താരം ലീഡ്സിൽ നടക്കുന്ന ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുക. താരം ടീമിനൊപ്പം തുടരും. നാലാം ടെസ്റ്റിൽ വുഡ് കളിക്കുമെന്നാണ് വിവരം. വുഡിനു പകരം സാഖിബ് മഹ്മൂദ് മൂന്നാം ടെസ്റ്റിൽ കളിച്ചേക്കും. താരത്തിൻ്റെ അരങ്ങേറ്റ ടെസ്റ്റാവും ഇത്.
Tags