തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം സി.1.2 എട്ട് രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലുമായി കേരളം. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശിധന നടത്തും. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. 60 വയസിന് മുകളില്‍ ഉള്ളവരില്‍ വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും തീരുമാനമായി. ഇന്നുചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
അതിവേഗം പടരാന്‍ ശേഷിയുള്ള സി.1.2 വൈറസിനെ മേയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019-ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകര്‍ പറയുന്നു.
വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അങ്ങനെ വന്നാല്‍ വാക്സീന്‍ കൊണ്ട് ഒരാള്‍ ആര്‍ജിക്കുന്ന പ്രതിരോധശേഷിയെ പൂര്‍ണ്ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.