പട്‌ന: എൻ.ഡി.എ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദി തന്നെ ആയിരിക്കുമെന്ന് ജെ.ഡി.യു ജനറൽ സെക്രട്ടറി കെ.സി. ത്യാഗി. പ്രധാനമന്ത്രി പദത്തിലേക്ക് എല്ലാ യോഗ്യതയുമുള്ള നേതാവാണ് നിതീഷ് കുമാറെന്ന പരാമർശത്തിന് പിന്നാലെയാണ് ത്യാഗിയുടെ പ്രതികരണം. എൻ.ഡി.എയുടെ നേതാവ് മോദിയാണെന്നും 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ മോദി തന്നെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നുമാണ് ത്യാഗി പറഞ്ഞത്.
അതേസമയം, പ്രധാനമന്ത്രിയാകാനുള്ള ഗുണങ്ങളും പ്രധാനമന്ത്രിസ്ഥാനം ഒരാൾക്കുവേണ്ടി അവകാശപ്പെട്ടുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ജെ.ഡി.യു ദേശീയ അധ്യക്ഷൻ ലാലൻ സിംഗ് പറഞ്ഞത്.
നിതീഷ് കുമാറിന് രാജ്യത്തെ നയിക്കാനുള്ള കഴിവും ശേഷിയുമുണ്ട്. പക്ഷേ, ഞങ്ങൾ ഒരു ചെറിയ പാർട്ടിയാണ്, ഞങ്ങൾ എങ്ങനെ അതിന് അവകാശവാദം ഉന്നയിക്കുമെന്നും ലാലൻ സിംഗ് പറഞ്ഞു.ബി.ജെ.പിയുമായുള്ള അതൃപ്തി നിതീഷ് കുമാർ പ്രകടിപ്പിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിസ്ഥാനത്തേക്കെത്താൻ നിതീഷിന് യോഗ്യതയുണ്ടെന്ന വിലയിരുത്തൽ ജെ.ഡി.യുവിന് അകത്തുണ്ടായത്.
പാർട്ടിയുടെ അടിത്തറ വിപുലീകരിക്കാൻ ജെഡിയുവിന് ആഗ്രഹമുണ്ടെന്നും അതിനാൽ മണിപ്പൂർ, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ തീരുമാനിച്ചതായും ത്യാഗി പറഞ്ഞു. ഉത്തർപ്രദേശിലും മണിപ്പൂരിലും അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.