കണ്ണൂര്‍ ഡി.സി.സി ഓഫിസ് ഉദ്ഘാടനം രണ്ടിന്; രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി നിര്‍വഹിക്കും

കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നവീകരിച്ച ആസ്ഥാന മന്ദിരം അടുത്തമാസം രണ്ടിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാമ്പന്‍മാധവന്‍ റോഡിലാണ് ഓഫിസ് നിര്‍മിച്ചിട്ടുള്ളത്. അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ അടിത്തറയും താഴത്തെ നിലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പ്പനയും പൂര്‍ത്തീകരിച്ചിരുന്നു. 6,500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്നുനിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകളുടെ നിര്‍മാണ പ്രവൃത്തിയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള കോണ്‍ഫറന്‍സ് ഹാളും വാര്‍ത്താസമ്മേളനത്തിന് സൗകര്യപ്രദമായ ആധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാ പോഷക സംഘടനകളുടെയും ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യപ്രദമായ മുറികളും നവമാധ്യമ ഇടപെടലുകള്‍ക്കും മറ്റ് ഐ.ടി സംബന്ധമായ ആവശ്യങ്ങള്‍ക്കും ഉപകരിക്കുന്ന പ്രത്യേക സൗകര്യങ്ങോടു കൂടിയ മുറികളും സജ്ജീകരിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് ക്യാംപ് സൗകര്യം ഒരുക്കുന്നതിനായി പ്രത്യേകം സജീകരിച്ച ഓഫിസ് മുറിയും ഡി.സി.സി അധ്യക്ഷന്റെ ഓഫിസ് മുറികളും താഴത്തെ നിലയില്‍ തന്നെ പ്രവര്‍ത്തിക്കും. റിസപ്ഷന്‍ കൗണ്ടറും കിച്ചനും ഗ്രൗണ്ട് ഫ്‌ളോറിലുണ്ട്. ഒന്നാം നിലയില്‍ 1,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിശാലമായ ഓഡിറ്റോറിയവും ആധുനിക ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിഥികള്‍ക്കു താമസിക്കാനുള്ള റൂമുകളും ഡോര്‍മെറ്ററി സൗകര്യത്തിനുള്ള റൂമുകളും ഒന്നാം നിലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്ന മുഴുവന്‍ ബാധ്യതകളും തീര്‍ത്തിട്ടുണ്ടെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് സുധാകരന്‍ എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന് നേതാക്കളായ എ.കെ ആന്റണി, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, വി.എം സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ കെ.സി മുഹമ്മദ് ഫൈസല്‍, പി.മാധവന്‍ എന്നിവരും പങ്കെടുത്തു.
Tags