തിരുവനന്തപുരം: ഒരു മാസത്തിലധികം നീണ്ട ഇടവേളയ്‌ക്ക് ശേഷം കൊറോണയുമായി ബന്ധപ്പെട്ട ആറ് മണി വാർത്താസമ്മേളനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മാദ്ധ്യമങ്ങൾക്ക് മുൻപിൽ. സമൂഹമാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി ഉയർന്ന രൂക്ഷ വിമർശനങ്ങൾക്കും ട്രോൾ പെരുമഴയ്‌ക്കും പിന്നാലെയാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കണ്ടത്. മന്ത്രി വീണാ ജോർജ്ജ് നടത്തിയ ‘കപ്പിത്താൻ’ പരാമർശത്തെ കുത്തിപൊക്കിയായിരുന്നു വിമർശനങ്ങൾ. ഒടുവിൽ പരിഹാസങ്ങൾക്ക് പരിസമാപ്തിയെന്നോണം അഞ്ച് ആഴ്ചകൾക്ക് ശേഷം ‘കപ്പിത്താൻ’ മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തി സംസാരിച്ചു. ആസൂത്രിത ദുഷ്പ്രചാരണങ്ങളിൽ പ്രതികരിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
മറ്റ് സംസ്ഥാനങ്ങളിൽ കൊറോണ വ്യപനം ഗണ്യമായി കുറഞ്ഞപ്പോഴും കേരളത്തിൽ മാത്രമാണ് 30,000ത്തിന് മുകളിൽ രോഗികൾ പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്നത്. കൊറോണ സാഹചര്യം രൂക്ഷമായിട്ടും കേരളത്തിന്റെ കപ്പിത്താൻ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി മൗനം തുടരുകയായിരുന്നു. തുടർന്നാണ് ആറുമണി തള്ള് എവിടെയെന്ന പരിഹാസ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായത്. കപ്പൽ മുങ്ങുമെന്ന് ഉറപ്പായതോടെ കപ്പിത്താനായ മുഖ്യമന്ത്രി നീന്തിരക്ഷപ്പെട്ടെന്നായിരുന്നു വിമർശനം.
ഒടുവിൽ ഇന്ന് നടത്തിയ കൊറോണ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി വിശദീകരണവുമായെത്തിയത്. നമ്മുടെ നാടിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തുന്ന ദുഷ്പ്രചാരണങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നായിരുന്നു ആദ്യ വാക്കുകൾ. രണ്ടാം തരംഗം ശക്തമായിരുന്ന സമയത്ത് മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ താരതമ്യം ചെയ്യാനും പിണറായി മറന്നില്ല.
രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടും ചികിത്സാസംവിധാനങ്ങളെ ശാക്തീകരിച്ചതിനാലും ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊളളാൻ കഴിയുന്ന വിധത്തിൽ രണ്ടാം തരംഗത്തെ പിടിച്ചുനിർത്തിയതിനാലും മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ രീതിയിൽ നിർത്താൻ കേരളത്തിന് സാധിച്ചു. ഓക്സിജൻ ലഭ്യമല്ലാതെയും ചികിത്സയില്ലാതെയും ആർക്കും അലയേണ്ടി വരുന്ന അവസ്ഥ ഇവിടെയുണ്ടായില്ല. ഉറ്റവരുടെ മൃതദേഹങ്ങളുമായി ശ്മശാനങ്ങളിൽ കാത്തുനിൽക്കേണ്ട കാഴ്ച കാണേണ്ടി വന്നില്ല. എത്ര ദുഷ്പ്രചാരണം നടത്തിയാലും ആർക്കും മായ്ചുകളയാനാകാത്ത യാഥാർത്ഥ്യം ജനങ്ങൾക്ക് മുൻപിലുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി
സംസ്ഥാനത്ത് കൊറോണ മരണങ്ങൾ വർദ്ധിക്കുകയാണെന്നും ഇനിയുള്ള ദിവസങ്ങളിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് ജില്ലകളിൽ മൂവായിരത്തിലധികമാണ് രോഗികൾ. ഓണക്കാലത്തിന് ശേഷം രോഗം കൂടി. മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമാകണം. ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയത് മുതൽ രോഗവ്യാപനത്തിന്റെ തോത് വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ വാക്‌സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുമെന്നും ഇനിയുള്ള ദിവസങ്ങളിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.