ഉത്തരാഖണ്ഡിലെ പതിനൊന്നാമത് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബേബി റാണി മൗര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാന മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുഷ്‌കര്‍ സിംഗ് ധാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെയാണ് ധാമി ചുമതലയേറ്റത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തീരഥ് സിംഗ് റാവത്ത് രാജിവെച്ചതോടെയാണ് പുതിയ നേതൃത്വം എത്തുന്നത്. ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി, മാര്‍ച്ച് 10നാണ് തിരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായത്. നിയമസഭാംഗമല്ലാത്ത തിരാത്തിനെ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പുനടത്തി എംഎല്‍എ ആക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കൊവിഡ് പ്രതികൂല സാഹചര്യം സൃഷ്ടിക്കുകയായിരുന്നു.
സംസ്ഥാനത്തെ ഭരണഘടന പ്രതിസന്ധി മറികടക്കാനായിരുന്നു തീരഥ് സിംഗ് റാവത്ത് രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ നാലുമാസത്തിനിടെയുള്ള മൂന്നാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റ പുഷ്‌ക്കര്‍ സിംഗ് ധാമിക്ക് വെല്ലുവിളികള്‍ ഏറെയുണ്ട്.