ന്യൂഡൽഹി: യുപി ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ മിന്നുന്ന വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. വികസനത്തിനും പൊതുസേവനത്തിനും ജനങ്ങൾ നൽകിയ അനുഗ്രഹമാണ് ബിജെപി നേടിയ വിജയത്തിൽ പ്രതിഫലിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം
വിജയത്തിനായി ബിജെപി പ്രവർത്തകർ നടത്തിയ അശ്രാന്തപരിശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നയങ്ങൾക്കുളള അംഗീകാരമാണ് ഈ വിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗി സർക്കാരിനെയും ബിജെപി സംസ്ഥാന ഘടകത്തെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
75 ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷൻമാർക്ക് വേണ്ടിയുളള തെരഞ്ഞെടുപ്പിൽ 67 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. അയോദ്ധ്യ ഉൾപ്പെടെയുളള ജില്ലകളിൽ ബിജെപി മിന്നുന്ന വിജയമാണ് നേടിയത്. പാർട്ടി നേരിട്ട് മത്സരിച്ച 53 സീറ്റുകളിൽ 46 ലും വിജയിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ നേട്ടം.
ബിജെപിയുടെ നേട്ടത്തിൽ പാർട്ടി സംസ്ഥാന ഘടകത്തെയും പ്രവർത്തകരെയും അമിത് ഷായും അഭിനന്ദിച്ചു. കർഷകരുടെയും പാവപ്പെട്ടവരുടെയും പ്രതീക്ഷകൾ നിറവേറ്റി പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് ഉത്തർപ്രദേശിനെ യോഗി നയിക്കുമെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.