തിരുപ്പതി വെങ്കിടേശ്വരന് ഒരു കോടി വിലമതിക്കുന്ന സ്വർണവാൾ കാണിക്കയായി നൽകി വ്യവസായി

ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വരന് ഒരു കോടി വിലമതിയ്‌ക്കുന്ന സ്വർണ്ണവാൾ കാണിക്കയായി നൽകി വ്യവസായി. ഹൈദരാബാദിലെ പ്രമുഖ വ്യവസായിയായ ശ്രീനിവാസ പ്രസാദാണ് വാൾ കാണിക്കയായി നൽകിയത്. അഞ്ച് കിലോഗ്രാം ഭാരമുള്ള വാൾ സ്വർണ്ണത്തിലും വെള്ളിയിലുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

വ്യവസായിയും ഭാര്യയും ചേർന്നാണ് വാൾ ക്ഷേത്രത്തിന് സമർപ്പിച്ചത്. തിരുപ്പതി ദേവസ്ഥാനം അഡീഷണൽ എക്‌സിക്യൂട്ടീവ് ഓഫീസർ എ. വെങ്കടധർമ്മ റെഡ്ഡി സ്വർണ്ണവാൾ ശ്രീനിവാസ പ്രസാദിൽ നിന്നും ഏറ്റുവാങ്ങി. രണ്ട് കിലോ സ്വർണവും മൂന്ന് കിലോ വെള്ളിയും ഉപയോഗിച്ചാണ് വാൾ നിർമ്മിച്ചത്.

ആറ് മാസക്കാലമെടുത്താണ് വാൾ തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം തന്നെ വാൾ സമർപ്പിക്കാൻ ശ്രീനിവാസ പ്രസാദ് പദ്ധതിയിട്ടിരുന്നു. എന്നാൽ കൊറോണ പ്രതിസന്ധി കാരണം അത് നീണ്ടു പോകുകയായിരുന്നു.

ഇതാദ്യമായല്ല ഇത്രയും വിലകൂടിയ സ്വർണവാൾ വെങ്കിടേശ്വരന് ലഭിക്കുന്നത്. 2018ൽ തമിഴ്‌നാട്ടിലെ തേനിയിൽ നിന്നുള്ള പ്രശസ്ത തുണി വ്യാപാരിയും വെങ്കിടേശ്വരന് വാൾ സമർപ്പിച്ചിരുന്നു. ആറ് കിലോയോളം തൂക്കമുള്ള സ്വർണ്ണവാളിരുന്നു ദുരൈയെന്ന തുണി വ്യാപാരി നൽകിയത്.
Tags