കോൺഗ്രസ് പ്രതിസന്ധിയിലാകുമ്പോഴൊക്കെ പെഗാസസ് കഥകൾ വരും; കേന്ദ്ര സർക്കാരിനോ ബിജെപിയ്‌ക്കോ പങ്കുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് രവിശങ്കർ പ്രസാദ് ravi shankar prasad

ന്യൂഡൽഹി : കോൺഗ്രസ് പ്രതിസന്ധിയിലാവുമ്പോഴാണ് ഇത്തരത്തിൽ പെഗാസസ് വാർത്തകൾ വരുന്നത് എന്ന് പരിഹസിച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ രവിശങ്കർ പ്രസാദ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണോ ഇതെന്നും അദ്ദേഹം സംശയമുന്നയിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


 
പെഗാസസ് സംബന്ധിച്ച വാർത്തകൾ കൊണ്ടുവന്ന ഓൺലൈൻ പോർട്ടൽ മുൻപും പല കഥകളും കൊണ്ടുവന്നിട്ടുണ്ട്. ഇത് തെറ്റാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. പ്രധാനപ്പെട്ട സംഭവങ്ങൾ നടക്കുമ്പോഴൊക്കെ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവേളയിൽ കലാപത്തിന് പ്രേരിപ്പിച്ചതായി 2019 ലെ തെരഞ്ഞെടുപ്പ് കാലത്ത് പെഗാസസ് കഥ പ്രചരിപ്പിച്ചു. ഇപ്പോൾ വീണ്ടും പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ പെഗാസസ് കഥകൾ പുറത്തുവരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെഗാസസ് കഥയിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും ലഭിച്ചിട്ടില്ല. ആംനസ്റ്റി പോലുള്ള സംഘടനകൾക്ക് ഇന്ത്യാവിരുദ്ധ അജണ്ട പലവിധത്തിൽ ഉണ്ടായിരുന്നുവെന്ന് നിഷേധിക്കാനാവുമോയെന്ന് ചോദിച്ച അദ്ദേഹം കോൺഗ്രസ് ആരോപണങ്ങളെ ബിജെപി അപലപിക്കുന്നുവെന്നും കൂട്ടിച്ചേർത്തു
Tags