പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തെരഞ്ഞെടുത്തത്. ഖട്ടിമയിൽ നിന്നുള്ള എംഎൽഎയാണ് പുഷ്‌കർ സിങ് ധാമി.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തിരഥ് സിങ് റാവത്ത് വെള്ളിയാഴ്ച രാത്രി രാജി വെച്ചതോടെയാണ് പുതിയ നേതൃത്വത്തെ കണ്ടെത്തേണ്ടി വരുന്നത്.
നാലു മാസം മുമ്പാണ് തിരഥ് സിങ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗ്രൂപ്പു വഴക്കുകളെത്തുടർന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി മാർച്ച് 10-നാണ് തിരഥ് സിങ് റാവത്തിനെ ബി.ജെ.പി. കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. നിയമസഭാംഗമല്ലാത്ത തിരഥിനെ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പു നടത്തി എം.എൽ.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ അദ്ദേഹം സ്ഥാനമൊഴിയാൻ നിർബന്ധിതനാകുകയായിരുന്നു.