നടപടികള്‍ കര്‍ശനമാക്കി കുട്ടികളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കണം: പ്രധാനമന്ത്രി PM

കേരളം, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി കുട്ടികളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് നിര്‍ദേശിച്ചു. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ആരോഗ്യ വിദ്ഗധരും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും ഈ ആറ് സംസ്ഥാനങ്ങളിലാണെന്ന് പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. സ്ഥിതി നിയന്ത്രണ വിധേയമായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.

ടെസ്റ്റ്, ട്രീറ്റ്, ട്രാക്കിംഗ്, വാക്‌സിനേഷന്‍ എന്നിവയില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. രോഗികള്‍ കൂടുതലുള്ള മേഖലയെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രതിരോധിക്കാനുള്ള നിര്‍ദേശം നല്‍കി. വ്യാപന ശേഷി തുടരുന്ന സാഹചര്യത്തില്‍ കുട്ടികളില്‍ കൂടുതല്‍ ജാഗ്രത പാലിച്ച് മൂന്നാം തരംഗത്തെ തടയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ എല്ലാ സഹായവും യോഗത്തില്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കി. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ദൗര്‍ലഭ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 542 പേര്‍ മരിച്ചു. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യ വാരമോ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് ഐസിഎംആറിന്റെ ഒടുവിലത്തെ പഠനം.
Tags