വാക്‌സിനേഷന് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: വിമർശനത്തിന് പിന്നാലെ ഉത്തരവ് പിൻവലിച്ച് കളക്ടർ
July 27, 2021
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിനെടുക്കുന്നവർ കൊറോണ പരിശോധന നടത്തണമെന്ന കളക്ടറുടെ വിവാദ ഉത്തരവ് പിൻവലിച്ചു. നാളെ തീരുമാനം നടപ്പാക്കാനിരിക്കെ പൊതുജനങ്ങൾക്കിടയിൽ നിന്നും കടുത്ത വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ഉത്തരവ് പിൻവലിച്ചത്. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനമെടുത്തത്.
വാക്‌സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. എന്നാൽ സൗജന്യമായി കിട്ടേണ്ട വാക്‌സിനെടുക്കാൻ പരിശോധനയ്‌ക്കായി പണം ചെലവാക്കേണ്ട അവസ്ഥയാണ് കളക്ടറുടെ പുതിയ ഉത്തരവോടെ ഉണ്ടായിരിക്കുന്നതെന്ന ആക്ഷേപമാണ് ഉയർന്നത്.
ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് വാക്‌സിനായി സ്ലോട്ടുകൾ ലഭിക്കുന്നത്. ഇതിനിടെ ആർടിപിസിആർ പരിശോധനയ്‌ക്ക് പോയാൽ 24 മണിക്കൂറെടുക്കും ഫലം ലഭിക്കാൻ. ഇതോടെ സ്ലോട്ട് നഷ്ടമാവുമെന്നും ജനങ്ങൾ പറഞ്ഞിരുന്നു. ഉത്തരവ് നടപ്പാക്കരുതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് ഡിഎംഒയുടെയും നിലപാട്. അതേസമയം ഉത്തരവിനെ ആരോഗ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു.
Tags