ലഡാക്ക് സംഘർഷം: 12ാമത് ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ

ലഡാക്: ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള 12ാമത് കമാന്‍ഡര്‍തല ചര്‍ച്ച ശനിയാഴ്ച രാവിലെ 10:30 നു നടക്കും. നിയന്ത്രണരേഖയിലെ മോള്‍ഡോയാണ് വേദി. ഗോഗ്ര ഹൈറ്റ്‌സില്‍ നിന്നുള്ള പിന്‍മാറ്റം ഉള്‍പ്പെടെയുള്ള വിഷയമായിരിക്കും ചര്‍ച്ച ചെയ്യുകയെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സേനകളുടെ പിന്‍മാറ്റത്തിന്റെ കാര്യത്തില്‍ ഇരുവിഭാഗവും തുല്യത പാലിക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ട് വെക്കുക. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി രണ്ട് രാജ്യങ്ങളും തമ്മില്‍ കമാന്‍ഡര്‍ തലത്തിലും വിദേശകാര്യ മന്ത്രാലയ തലത്തിലും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പാങ്‌ഗോങ് തടകാത്തിന് സമീപത്ത് നിന്ന് ഇരുരാജ്യങ്ങളും സേനകളെ വലിയ തോതില്‍ പിന്‍വലിച്ചിരുന്നു. കമാന്‍ഡര്‍തല ചര്‍ച്ച വേഗത്തിലാക്കണമെന്ന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പരസ്പരം സംസാരിച്ചിരുന്നു. ജൂലായ് 14ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഇരുനേതാക്കളും സംസാരിച്ചിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി ഇരു രാജ്യങ്ങള്‍ക്കും സ്വാഗതാര്‍ഹമായ ഒരു തീരുമാനത്തിലെത്തണമെന്നും നിശ്ചയിച്ചിരുന്നു. നിലവിലെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുന്നുവെന്ന നിഗമനത്തിലാണ് ഇരു നേതാക്കളും വിഷയം ചര്‍ച്ച ചെയ്തത്.
Tags