ഇടുക്കി : പന്ത്രണ്ടുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. പന്ത്രണ്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് ഐജിയുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടിയുടെ അച്ഛനെ ദേവികുളം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാറിലെ കണ്ണദേവൻ എസ്റ്റേറ്റിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം നടന്നത്.
മൂന്ന് വർഷം മുൻപാണ് പെൺകുട്ടിയുടെ അമ്മ മരിച്ചത്. തുടർന്ന് സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ അച്ഛൻ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. സ്വന്തം അച്ഛനായതിനാൽ പെൺകുട്ടി സുഹത്തുക്കളോടോ ബന്ധുക്കളോടോ ഒന്നും തന്നെ പറഞ്ഞില്ല.
എന്നാൽ കൊറോണ വർദ്ധിച്ചതോടെ സ്‌കൂളുകൾ അടച്ചുപൂട്ടി. അച്ഛന്റെ പീഡനവും വർദ്ധിച്ചു. ഇതോടെയാണ് പെൺകുട്ടി ആരുടെയോ അടുത്ത് നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിന്റെ ഫോൺ നമ്പർ കണ്ടെത്തി പരാതി നൽകിയത്. സംഭവത്തിൽ ഐ ജി ഇടപെടുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടാൻ നിർദ്ദേശം നൽകുകയും ചെയ്തു. ദേവികുളം എസ്‌ഐ റ്റി ബി വിബിന്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പരാതി കൃത്യമാണെന്ന് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.