കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനവുമായി കേന്ദ്രം: നിയന്ത്രണങ്ങള്‍ നീട്ടുന്നത് ആഗസ്റ്റ് 31 വരെ

ഡല്‍ഹി: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയിരിക്കുന്നത്. ഉയര്‍ന്ന ടിപിആര്‍ ഉള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. കൊവിഡ് വ്യാപനം കുറയുന്നത് വരെ അലംഭാവത്തിന് യാതൊരു ഇടവുമില്ലെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്ത് ഉത്സവ സീസണുകള്‍ അടുത്തുവരുന്നതിനാല്‍ ആളുകള്‍ കൂട്ടം ചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കൊവിഡ് കുറയുന്ന സ്ഥലങ്ങളില്‍ സാവധാനം നിയന്ത്രണങ്ങള്‍ ലഘൂകരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനൊപ്പം രോഗികളെ കണ്ടെത്തുന്നതും ചികിത്സ ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളും വേഗത്തിലാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
Tags