നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി cm

ജൂലൈ 14 വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കാലവര്‍ഷം സജീവമായി. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയ സാധ്യതാ മുന്നറിയിപ്പുണ്ട്. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. മണ്ണിടിച്ചിലിനും സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 14 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര ,ഒഡിഷ തീരത്തിനടുത്തായി നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകുന്നതാണ് സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കാനുള്ള കാരണം. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് 14 ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് നല്‍കി.

എറണാകുളം, ഇടുക്കി, തൃശൂർ, കാസർഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്. മലയോര മേഖലകളില്‍ മഴ കനത്തേയ്ക്കും. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

നദീതീരങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാന്‍ തയാറാകണം. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി 60 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം.
Tags