സ്ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി cm

സംസ്ഥാനത്ത് കൊവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്ഥിതി അനുകൂലമാവുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും എന്ന വിഷയത്തില്‍ കെഎസ്ടിഎ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ കുട്ടിക്കും പഠനത്തിനുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ എല്ലാ അധ്യാപകരും പഠിക്കണം. ആദിവാസി, തീരദേശ, മലയോര മേഖലകളില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത കുട്ടികള്‍ക്ക് ഇവ ലഭിക്കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണം. പൂര്‍വ വിദ്യാര്‍ത്ഥികളും സഹായിക്കണം. സംഭാവനകള്‍ക്കായി വ്യവസായ പ്രമുഖര്‍, പ്രവാസികള്‍ എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.
Tags