ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല’; മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
July 21, 2021
തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ മന്ത്രി എകെ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി നേതാവായ ഒരാളെ മന്ത്രി വിളിച്ചു. പ്രശ്നം മറ്റൊന്നായപ്പോൾ മന്ത്രി പിൻമാറി. മന്ത്രി ശശീന്ദ്രൻ തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിസി വിഷ്ണുനാഥ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവേയൊണ് മുഖ്യമന്ത്രിയുടെ പ്രതികരണം
അടിയന്തരപ്രമേയത്തില്‍ സൂചിപ്പിക്കുന്ന പരാതിക്കാരി കുണ്ടറ പോലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയായിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും പത്മാകരന്‍ എന്നയാളുടെ വോയിസ് ക്ലിപ്പും രാജീവ് എന്നയാളുടെ ഫോണില്‍ നിന്നും എൻസിപി കൊല്ലം എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നതായും പരാതിപ്പെട്ടു. മുന്‍പ് ഫെയ്സ്ബുക്കില്‍ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലും അപകീര്‍ത്തിപ്പെടുത്തുന്ന പല സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം മുന്‍പൊരിക്കല്‍ റോഡിലൂടെ പോകുമ്പോള്‍ പത്മാകരന്‍ മുക്കട ജംഗ്ഷനിലുളള തന്‍റെ കടയിലേക്കു പരാതിക്കാരിയെ വിളിച്ചു. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് എന്തു കാശ് കിട്ടിയെന്ന് ചോദിച്ചുവെന്നും കാശിനുവേണ്ടിയല്ല ഞാന്‍ നിന്നത് എന്നുപറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തല്‍ കയ്യില്‍ കയറി പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
പരാതിയെ തുടർന്ന് പരാതിക്കാരിയെയും പത്മാകരനെയും സ്റ്റേഷനിലേക്ക് പോലീസ് വിളിപ്പിച്ചിരുന്നു. പോലീസ് വിളിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പത്മാകരന്‍ 30.06.2021 ല്‍ സ്റ്റേഷനിലെത്തി. പോലീസ് റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരി അന്നേ ദിവസം സ്റ്റേഷനില്‍ ഹാജരായിരുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്. 1.07.2021 ല്‍ സ്റ്റേഷനില്‍ ഹാജരായ പരാതിക്കാരിയോട് പരാതിയില്‍ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും വാട്സാപ്പിലൂടെ പ്രചരിച്ചതായി പറയുന്ന സന്ദേശങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. പരാതിയിന്മേല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പരാതിക്കാരിയെ ധരിപ്പിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതിലെ പരാതിക്കാരി എന്‍സിപി നേതാവിന്‍റെ മകളും ആരോപണവിധേയമായിട്ടുള്ളയാള്‍ എന്‍സിപിയുടെ മറ്റൊരു പ്രവര്‍ത്തകനുമാണ് എന്നുമാണ് മനസ്സിലാക്കാനായിട്ടുള്ളത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍സിപി നേതാവ് കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags