കേരളത്തിലെ കാമ്പസുകളെ ഇളക്കി മറിച്ച ഫാസിലിന്റെ സൂപ്പർഹിറ്റ് ചിത്രം അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ഗാനം പുറത്തിറക്കി അണിയറ പ്രവർത്തകർ. അന്ന് റെക്കോർഡ് ചെയ്ത് സൂക്ഷിച്ച ഗാനം സംഗീത സംവിധായകൻ ഔസേപ്പച്ചൻ പുറത്തുവിടുകയായിരുന്നു. ചിത്രത്തിലെ നായകൻ കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരും ഗാനം തങ്ങളുടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഈയിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരോടുള്ള ആദരവിന്റെ സൂചകമായിട്ടാണ് ഔസേപ്പച്ചൻ ഈ ഗാനം പുറത്തു വിട്ടത്. അനിയത്തിപ്രാവിനു വേണ്ടി എസ് രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് യേശുദാസും ചിത്രയും ആലപിച്ച ഗാനമാണിത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാസിന് മാറ്റം വന്നതൊടെ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചില്ല.
ഔസേപ്പച്ചന്റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്ന ഈ ഗാനം രമേശൻ നായർ വിട വാങ്ങിയപ്പോൾ ഏറേ ആദരവോടെ സംഗീത പ്രേമികൾക്കായി പുറത്തു വിടുകയായിരുന്നു.