ഇതേ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിക്കും ശബരിമല പ്രവേശനം തടസ്സപ്പെട്ടത്. എന്നാല്‍ പിതാവ് 10 വയസ്സ് തികയും മുന്‍പ് മകളെ ഇരുമുടി കെട്ടുമേന്തി ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് പിതാവ് നേര്‍ച്ച നേര്‍ന്നിരുന്നു. ഭക്തര്‍ക്ക് നിയന്ത്രിത അളവില്‍ സന്നിധാനത്തേക്ക് പ്രവേശം അനുവദിച്ചതോടെ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കു ചെയ്‌തെങ്കിലും അജിത് കുമാറിന് മാത്രമാണ് ദര്‍ശനാനുമതി ലഭിച്ചത്.
വിശ്വാസ പ്രകാരം നിലവിലെ സാഹചര്യത്തില്‍ മകള്‍ക്ക് ശബരിമല ദര്‍ശനം സാധ്യമാകാതെ വരും എന്ന് കണ്ടതോടെയാണ് അജിത് കുമാര്‍ ബാലാവകാശ കമ്മിഷനെ സമീപിച്ച് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് സംസ്ഥാന പോലിസ് മേധാവി, ആരോഗ്യ കുടുംബക്ഷേമ ഡയറക്ടര്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്നിവരെ ഹിയറിംഗ് ചെയ്തതിനു ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭരണഘടന നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യം കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് നിലപാട് സ്വീകരിച്ചു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കരുതലോടെയും ശ്രദ്ധയോടെയും ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും ഇവര്‍ നിലപാടെടുത്തു. സമാന കേസില്‍ ഹൈക്കോടതിയുടെ ഉത്തരവും പത്ത് വയസ്സ് കഴിഞ്ഞാല്‍ ആചാരപ്രകാരം കുട്ടിക്ക് മല ചവുട്ടാന്‍ കഴിയില്ലെന്ന നീരിക്ഷണവും നടത്തിയ കമ്മീഷന്‍ ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കി.
ഇതേ തുടര്‍ന്ന് ഭാഗ്യലക്ഷ്മി 18 ന് രാത്രി 10ന് കെട്ടു മുറുക്കി പിതാവിനും പിതാവിന്റെ സുഹൃത്തിനുമൊപ്പം നിലയ്ക്കലില്‍ എത്തി വിശ്രമിച്ച ശേഷം ഇന്നലെ രാവിലെ മല ചവുട്ടി ദര്‍ശനം നടത്തുകയായിരുന്നു. എന്നാല്‍ പമ്പാ സ്‌നാനവും നീലിമല , അപ്പച്ചി മേട്, ശബരിപീഠം, ശരംകുത്തി വഴിയുള്ള യാത്രയും ഇവിടങ്ങളിലെ ആചാരപരമായ വഴിപാടുകളും ഭാഗ്യലക്ഷ്മിക്ക് നടത്താന്‍ കഴിഞ്ഞില്ല. എങ്കിലും അയ്യപ്പദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഭാഗ്യലക്ഷ്മിയും കുടുംബവും.