ഇന്ത്യയിൽ നിന്ന് കടത്തിയ 16 കോടിയുടെ വിഗ്രഹങ്ങൾ തിരികെ നൽകും ; ഉറപ്പു നൽകി ഓസ്ട്രേലിയ
July 29, 2021
സ്ഡിനി : ഇന്ത്യയിൽ നിന്നും കൊണ്ടുപോയ വിഗ്രഹങ്ങളും ശിൽപ്പങ്ങളും രാജ്യത്തിന് തിരികെ നൽകാനൊരുങ്ങി ഓസ്‌ട്രേലിയ. അനധികൃതമായി കടത്തുകയോ കൊള്ളയടിക്കുകയോ ചെയ്ത പതിനാല് വിഗ്രഹങ്ങൾ തിരികെ നൽകുമെന്ന് ഓസ്‌ട്രേലിയ നാഷണൽ ആർട്ട് ഗാലറി അറിയിച്ചു. നിലവിലുള്ള വിപണിമൂല്യമനുസരിച്ച് 16.3 കോടിയോളം രൂപ വരുന്ന വിഗ്രങ്ങളാണ് ഓസ്‌ട്രേലിയ മടക്കി നൽകുക.
12-ാം നൂറ്റാണ്ടിൽ നിർമ്മിച്ചത് ഉൾപ്പെടെ നിരവധി വിഗ്രഹങ്ങളും പെയിന്റിങ്ങുകളും ശിൽപ്പങ്ങളുമാണ് ഓസ്‌ട്രേലിയയിലേയ്‌ക്ക് കൊണ്ടുപോയത്. ഇതിൽ ആറ് എണ്ണമെങ്കിലും പല കാലഘട്ടങ്ങളിലായി ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ടിട്ടുളളതാണ്. എല്ലാ പുരാവസ്തുക്കൾക്കും മതപരമായി ബന്ധമുളളതിനാൽ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും മോഷണം പോയതായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും ഓസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കി.
നാഷണൽ ആർട്ട് ഗാലറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിനാണ് ഇവിടെ അന്ത്യം കുറിക്കുന്നതെന്ന് ആർട്ട് ഗാലറി ഡയറക്ടർ നിക്ക് മിറ്റ്‌സെവിച്ച് പറഞ്ഞു. തിരിച്ചു നൽകുന്ന 14 പുരാവസ്തുക്കളിൽ 13 എണ്ണവും സുഭാഷ് കപൂർ എന്നയാൾ വഴി ഓസ്‌ട്രേലിയയിൽ എത്തിയതാണ്. പുരാവസ്തുക്കൾ കടത്തിയ കേസുമായി ബന്ധപ്പെട്ട് മാൻഹട്ടണിൽ വിചാരണ കാത്ത് തടവിൽ കഴിയുകയാണ് സുഭാഷ് കപൂർ.
നേരത്തെയും രാജ്യത്ത് നിന്നും കടത്തിക്കൊണ്ട് പോയ വിഗ്രഹങ്ങൾ ഓസ്‌ട്രേലിയ തിരികെ നൽകിയിരുന്നു. തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ നിന്നും കൊണ്ടുപോയ വെങ്കലം ഉപയോഗിച്ച് നിർമ്മിച്ച ശിവലിംഗമാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്ക് നൽകിയത്.
Tags