ജമ്മുകശ്മീരില്‍ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തി
July 29, 2021
ജമ്മുകശ്മീരിലെ സാംബാ ജില്ലയില്‍ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍. നിയന്ത്രണ രേഖ കടന്നാണ് ഡ്രോണുകള്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം.(drone jammu kashmir) വ്യാഴാഴ്ച രാത്രിയിലാണ് ബരിബ്രാഹ്മണ, ചിലാഡ്യ, ഗാഗ്‌വാള്‍ എന്നിവിടങ്ങളിലായി മൂന്ന് ഡ്രോണുകള്‍ കണ്ടെത്തിയത്.
ഏതാനും ആഴ്ചകളായി ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകള്‍ സുരക്ഷാ സേന വെടിവച്ചിടുകയും ചെയ്തിരുന്നു. ഇന്നലെ കണ്ടെത്തിയ ഡ്രോണുകളിലൊന്ന് പാക് പ്രദേശത്തേക്ക് കടന്നതായും രണ്ടെണ്ണം വേഗത്തില്‍ തന്നെ അപ്രത്യക്ഷമായെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് മുന്‍പ് സാംബ ജില്ലയിലും ജമ്മുവിലുമായി നാലിടങ്ങളില്‍ സംശയാസ്പദമായി ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു.
അതിനിടെ രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കരടില്‍ അടുത്ത മാസം അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
ജമ്മു കശ്മീരലടക്കം ഡ്രോണ്‍ ഭീഷണി ആവര്‍ത്തിക്കുമ്പോഴാണ് ഡ്രോണ്‍ ഉപയോഗത്തിനുള്ള പുതിയ കരട് ചട്ടം പുറത്തുവരുന്നത്. സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടില്‍ ഇവയുടെ ലൈസന്‍സ് , ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങള്‍, വിദേശ കമ്പനികള്‍ പാലിക്കേണ്ട നിയമങ്ങള്‍ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.
തീരെ ചെറിയ ഡ്രോണുകള്‍ക്കും, ഗവേഷണ ആവശ്യത്തിനുള്ള ഡ്രോണ്‍ ഉപയോഗത്തിനും ലൈസന്‍ ആവശ്യമില്ലെന്നതാണ് പ്രധാന മാറ്റങ്ങളില്‍ ഒന്ന്. എന്നാല്‍ രണ്ട് കിലോഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. പതിനെട്ട് വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. പത്ത് വര്‍ഷമായിരിക്കും ലൈസന്‍സ് കാലാവധി.
Tags