കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന ആരംഭിച്ചു

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചു. സിഎംഎം ട്രേയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലും ആണ് പരിശോധന നടന്നത്. റിസോര്‍ട്ട് നിര്‍മാണത്തിന് ചെലവഴിച്ചത് 22 കോടിയോളം രൂപയാണെന്നും കണ്ടെത്തല്‍. റിസോര്‍ട്ടിന് പെര്‍മിറ്റ് ലഭിച്ചത് ബിജോയുടെയും ബിജു കരീമിന്റെയും പേരിലെന്നും ഇ ഡി കണ്ടെത്തി. സിഎംഎം ട്രെഡേഴ്‌സിലൂടെ കോടികള്‍ വകമാറ്റിയതായും കണ്ടെത്തല്‍. പ്രതികളുടെ ബിനാമി സ്ഥാപനങ്ങളിലും പരിശോധന നടത്തും. അതേസമയം കേസിലെ പ്രതികള്‍ ഒളിവിലാണ്. കുടുംബാംഗങ്ങളുടെ വീട്ടില്‍ നടത്തിയ പരിശോധനയും വിഫലമായി. നാലാം പ്രതി കിരണ്‍ വിദേശത്തേക്ക് കടന്നെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ഒളിവില്‍ പോയത് ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യമായതോടെയാണ്. 506 കോടിയുടെ നിക്ഷേപമാണ് ബാങ്കിലുള്ളത്. 104.37 കോടിയുടെ തട്ടിപ്പാണ് നടന്നത്. അതിനിടെ വിഷയത്തില്‍ ബിജെപി സമരത്തിലേക്ക് കടക്കുകയാണ്. നാളെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തിങ്കളാഴ്ച യുവമോര്‍ച്ച ദേശീയ സെക്രട്ടറിയും ബാങ്കിന് എതിരായ സമരത്തിന് നേതൃത്വം നല്‍കും. തട്ടിപ്പില്‍ സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. മന്ത്രി ആര്‍ ബിന്ദുവിന് തെരഞ്ഞെടുപ്പ് ഫണ്ട് സ്രോതസിലും അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എ നാഗേഷ് ആവശ്യപ്പെട്ടു. സിപിഐഎം അന്വേഷണം പൂഴ്ത്തിവയ്ക്കപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ബാങ്കിന് പങ്കുണ്ടെന്നും ആരോപണം.
Tags