ആഘോഷങ്ങൾക്കായി ഇളവുകൾ നൽകിയത് അതിതീവ്രവ്യാപനത്തിന് കാരണമായി; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം; ചീഫ് സെക്രട്ടറിയ്‌ക്ക് കത്ത് അയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി
July 28, 2021
ന്യൂഡൽഹി : കൊറോണ പ്രതിരോധത്തിൽ ഗുരുതര വീഴ്ചവരുത്തിയ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിയ്ക്ക് കത്തു നൽകി. സംസ്ഥാനത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ആരോഗ്യ സെക്രട്ടറിയുടെ കത്ത്.
ആഘോഷ പരിപാടികൾക്കായി കൂടുതൽ ഇളവുകൾ നൽകിയത്. സംസ്ഥാനത്ത് അതിതീവ്രവ്യാപനത്തിന് കാരണമായി. നിലവിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ 11 ലും ടിപിആർ നിരക്ക് 10 ൽ കൂടുതലാണ്. ജൂലൈ 10 മുതൽ 19 വരെ കൊറോണ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവിൽ 98,619 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 775 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കത്തിൽ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാനത്ത് അതിതീവ്ര വ്യാപനമുണ്ടായപ്പോൾ കൃത്യമായ നടപടി സ്വീകരിച്ചിരുന്നില്ല. സംസ്ഥാനത്തെ കൊറോണ പ്രതിരോധത്തിൽ വീഴ്ചവരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം. ഇളവുകൾ നൽകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കത്തിൽ രാജേഷ് ഭൂഷൺ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ കർശന നിരീക്ഷണം ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ നാലംഗ സംഘത്തെ കേന്ദ്രം സംസ്ഥാനത്തേക്ക് അയക്കും.
Tags