ജൂലൈ 5 - ബഷീർ ഓർമ ദിനം
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു.
തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.