കർണ്ണാടകയിൽ കൂടുതൽ ലോക്ക് ഡൌൺ ഇളവുകൾ; ആരാധനാലയങ്ങൾക്കും, അമ്യൂസ്​മെൻറ്​ പാർക്കുകൾക്കും പ്രവർത്തനാനുമതി; തിങ്കളാഴ്ച മുതൽ കോളജുകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി

ബംഗളൂരു: കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം തുടർച്ചയായി കുറയുന്നതിനാൽ കർണാടക സർക്കാർ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങൾക്ക് ഞായറാഴ്ച മുതൽ പ്രവർത്തനാനുമതി നൽകി. ആരോഗ്യ വകുപ്പ് നൽകിയ കോവിഡ് മാർഗനിർദേശങ്ങൾ എല്ലാ ഭക്തരും പാലിക്കണമെന്നും ആരാധനാ കേന്ദ്രങ്ങളിൽ ആൾക്കൂട്ടങ്ങൾ പാടില്ല. ഉത്സവങ്ങൾ, ഘോഷയാത്രകൾ, പ്രാർഥനാ സമ്മേളനങ്ങൾ, തുടങ്ങിയവ പാടില്ലെന്നും ശനിയാഴ്ച പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ നിർദേശിച്ചു. സംസ്ഥാനത്തെ അമ്യൂസ്മെൻറ് പാർക്കുകൾക്കും ഞായറാഴ്ച മുതൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. എന്നാൽ, പാർക്കിൽ ജലവിനോദങ്ങളും വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് ആരാധനാലയങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങളോടെ അനുമതി നൽകിയിരുന്നു. ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ചർച്ചുകളിലും പ്രാർഥനക്ക് മാത്രമായിരുന്നു അനുമതി. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾക്കോ ചർച്ചുകളിലും മസ്ജിദുകളിലും പ്രത്യേക പ്രാർഥന ചടങ്ങുകൾക്കോ അനുമതിയുണ്ടായിരുന്നില്ല. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചതെന്ന് റവന്യൂവകുപ്പ് പ്രിൻസിപ്പൽസെക്രട്ടറി എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ബി.ബി.എം.പി ചീഫ് കമ്മീഷണർ, പൊലീസ് കമ്മീഷണർമാർ, ഡെപ്യുട്ടി കമ്മീഷണർമാർ, ജില്ലാ എസ്.പിമാർ തുടങ്ങിയവർക്ക് ഉത്തരവ് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ജൂലൈ 18ന് ലോക്ക് ഡൗണിൽ നാലാം ഘട്ട ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സിനിമ തിയയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും റിലീസിന് പുതിയ ചിത്രങ്ങളില്ലാത്ത സാഹചര്യത്തിൽ സിനിമാശാലകൾ അടഞ്ഞുതന്നെ കിടന്നു. തിങ്കളാഴ്ച മുതൽ കോളജുകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിരുന്നു. കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ച അധ്യാപകർക്കും വിദ്യാർഥികൾക്കും മറ്റു ജീവനക്കാർക്കും മാത്രമായിരിക്കും കോളജുകളിൽ എത്താൻ അനുമതിയുണ്ടാകുക.
Tags