കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ; 30 പുതിയ മന്ത്രിമാരെന്ന് സൂചന Central Govt

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ 30 പുതിയ മന്ത്രിമാർ ഉണ്ടായേക്കുമെന്ന് സൂചന. സ്വമേധയ പാർട്ടി ചുമതലകൾ എറ്റെടുക്കാൻ മുതിർന്ന മന്ത്രിമാർ തയ്യാറാകാത്ത സാഹചര്യത്തിൽ മന്ത്രിസഭയിൽ നിന്ന് ആരെ ഒഴിവാക്കണം എന്ന കാര്യത്തിൽ പ്രധാനമന്ത്രിയാകും അന്തിമ തീരുമാനം കൈകൊള്ളുക.

നരേന്ദ്രമോദി സർക്കാരിന്റെ ഇപ്പോഴത്തെ അംഗബലം 51 ആണ്. വ്യവസ്ഥകൾ അനുസരിച്ച് ഇത് 79 വരെ ആകാം. 25 നും 30 നും ഇടയിൽ അംഗങ്ങളെ ഉൾപ്പെടുത്തി ആകും പുനഃസംഘടന യാഥാർത്ഥ്യമാകുക. ഇക്കാര്യം മന്ത്രിമാരുടെ സമ്പൂർണ യോഗത്തിൽ പ്രധാനമന്ത്രി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ച് മുതൽ 10 വരെ പേർക്കാകും മന്ത്രിസ്ഥാനം ഒഴിയേണ്ടി വരിക. ഇവരെ പാർട്ടി ചുമതലകളിൽ നിയോഗിക്കും. സ്വമേധയ പാർട്ടി ചുമതലകൾ ഏറ്റെടുക്കാനുള്ള താത്പര്യം കേന്ദ്രമന്ത്രിമാർ ആരും അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മന്ത്രിസഭയിൽ നിന്ന് ആരെ ഒഴിവാക്കണം എന്നതിൽ പ്രധാനമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളും. വി. മുരളീധരൻ അടക്കമുള്ള ഏതാനും സഹമന്ത്രിമാർക്ക് സ്വതന്ത്ര ചുമതല ലഭിക്കും. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയിലാണ് വി. മുരളീധരനെ പരിഗണിക്കുന്നത്. വിദേശകാര്യം നിലനിർത്തിയാകും ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകുക.
Tags