അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലേയ്ക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും; അജിത് ദോവലുമായും കൂടിക്കാഴ്ച
July 23, 2021
ന്യൂദല്‍ഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലേയ്ക്ക്. ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്ന ആന്റണി ബ്ലിങ്കന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ദോവല്‍ എന്നിവരുമായും ചര്‍ച്ച നടത്തും.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനം അമേരിക്കയുമായി ആഗോള നയതന്ത്ര പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള അവസരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ബഹുമുഖവും ശക്തവുമായ ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറിയുടെ പര്യടനം. ജോ ബൈഡനു കീഴില്‍ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആന്റണി ബ്ലിങ്കന്‍ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. നേരത്തേ തന്നെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നുവെങ്കിലും കൊവിഡ് തടസ്സമാകുകയായിരുന്നു.
ബൈഡന്‍ വൈസ്പ്രസിഡന്റ് ആയിരുന്നപ്പോള്‍ അദേഹത്തിന്റെ കീഴില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ബ്ലിങ്കന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒബാമയ്ക്ക് കീഴില്‍ സഹ ദേശീയ സുരക്ഷാ ഉപദേഷ്ടാവെന്ന പദവിയും വഹിച്ചിട്ടുണ്ട്.
Tags