ശബരിമല മേല്‍ശാന്തി; അബ്രാഹ്മണരെ പരിഗണിക്കണമെന്ന് ബിഡിജെഎസ്, എടുത്തുചാടി തീരുമാനിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്
July 25, 2021
ശബരിമലയില്‍ മേല്‍ശാന്തിയായി ബ്രാഹ്മണര്‍ അല്ലാത്തവരെ കൂടി പരിഗണിക്കണമെന്ന വിഷയം സജീവമായി ഉന്നയിച്ച് എന്‍.ഡി.എയുടെ ഘടകകക്ഷിയായ ബിഡിജെഎസ്. എന്നാല്‍ ബ്രാഹ്മണപൂജയാണ് ശബരിമലയിലെ അംഗീകൃത സമ്പ്രദായമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് മാറ്റത്തെക്കുറിച്ച് ആലോചിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. ‘ശബരിമല അയ്യപ്പന് അയിത്തമോ’ എന്ന മുദ്രാവാക്യവുമായി ബി.ഡി.ജെ.എസ് പ്രക്ഷോഭം തുടങ്ങിയെങ്കിലും ബി.ജെ.പിയുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായിട്ടില്ല.
ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ളവരാണ് ശബരിമലയിൽ പൂജ നടത്തിവരുന്നത്. പൂജാവിധി പഠിച്ചവരെ ജാതിവ്യത്യാസമില്ലാതെ ശബരിമലയിലെ മേല്‍ശാന്തി നിയമനത്തിന് പരിഗണിക്കണമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസിന്റെ ആവശ്യം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അബ്രാഹ്മണ ശാന്തികാര്യത്തില്‍ എടുത്തുചാട്ടമില്ല. അതിനാല്‍ ഹൈക്കോടതി അംഗീകരിച്ച ബ്രാഹ്മണപൂജാ സമ്പ്രദായത്തിനൊപ്പമാണ് ബോര്‍ഡ് എന്ന് ദേവസ്വം പ്രസിഡന്റ് എന്‍. വാസു പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ഒരു വിഭാഗത്തിനും എതിര്‍പ്പില്ലെങ്കില്‍ സമവായത്തിലൂടെ മാറ്റം വേണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ മേല്‍ശാന്തി മലയാള ബ്രാഹ്മണര്‍ ആയിരിക്കണം എന്നാണ് മാർഗ്ഗനിർദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്. എടുത്തുചാടി ഒരു തീരുമാനമെടുക്കാൻ സാധിക്കില്ല. ഏകപക്ഷീയമായ ഒരു നിലപാടും ഇക്കാര്യത്തിലുണ്ടാവില്ല എന്നും എന്‍. വാസു പറഞ്ഞു.
Tags