പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ തിരുത്തണം; വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് VD Satheeshan

ഈ അധ്യയന വര്‍ഷം പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പൊതുപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍വര്‍ഷങ്ങളിലെ പോലെ ഗ്രേസ്മാര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ‘ഈ അധ്യയന വര്‍ഷത്തില്‍ എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ക്യാമ്പുകളില്‍ പങ്കെടുത്തവരാണ്. ഈ വിദ്യാര്‍ത്ഥികള്‍ ലോക്ഡൗണ്‍ കാലത്ത് സജീവമായി സാമൂഹ്യസേവനങ്ങള്‍ ചെയ്യുന്നവര്‍ കൂടിയാണ്’. അവരുടെ സേവന താല്‍പ്പര്യങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Tags