പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ അന്തിമ കണക്ക് ഒരാഴ്ചക്കുള്ളില്‍ തയാറാക്കും. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. ഇതില്‍ പെടാത്ത കുട്ടികളുണ്ടെങ്കില്‍ അധ്യാപകരുടെയും പ്രദേശിക സംഘടനകളുടെയും സഹായത്തോടെ കണ്ടെത്തും.
പട്ടിക വര്‍ഗ ഊരുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിഗണന നല്‍കുക. ആദിവാസി മേഖലകളില്‍ അടക്കം ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കും. തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പരിധിക്ക് പുറത്ത് എന്ന വാര്‍ത്താ പരമ്പരയിലൂടെ ട്വന്റിഫോര്‍ ഇത്തരം കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.