റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ 'മരക്കാര്‍'; കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ്, മൂന്നാഴ്ച 'ഫ്രീ-റണ്‍' Marakkar

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. എണ്ണത്തില്‍ അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. കൊവിഡ് ആദ്യ തരംഗത്തിനുശേഷം തിയറ്ററുകള്‍ തുറന്നപ്പോഴത്തേതുപോലെ 50 ശതമാനം പ്രവേശനമാണ് ഇത്തവണയും സിനിമാമേഖല മുന്നില്‍ കാണുന്നത്. മരക്കാര്‍ പോലെ വലിയ ബജറ്റ് ഉള്ള ഒരു ചിത്രം അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവില്ല എന്നാണ് നിര്‍മ്മാതാവിന്‍റെ വിലയിരുത്തല്‍. തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസ് ആയി മരക്കാര്‍ എത്തിയാല്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) എന്ത് സഹായമാണ് ചെയ്യാനാവുക എന്ന തരത്തില്‍ നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടായി. തുടര്‍ന്നു വന്ന നിര്‍ദേശങ്ങളാണ് ഇവയെന്ന് ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

"മൂന്നാഴ്ചയാണ് മരക്കാറിന് ഫ്രീ-റണ്‍ കൊടുത്തിരിക്കുന്നത്. അത് നമ്മുടെ സംഘടനയിലെ അംഗങ്ങളായ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടാണ്. അവര്‍ക്ക് മരക്കാര്‍ മതി. അതിനു പകരം മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തല്‍ക്കാലം അവര്‍ തയ്യാറല്ല. കാരണം ഇത്രത്തോളം ടൈറ്റില്‍ വാല്യു ഉള്ള ഒരു സിനിമ നില്‍ക്കുമ്പോള്‍ പരീക്ഷണാര്‍ഥം മറ്റൊരു പടം കളിക്കാന്‍ അവര്‍ തയ്യാറല്ല. ആന്‍റണി പെരുമ്പാവൂര്‍ സംഘടനയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളില്‍ ഒരുമിച്ച് കണ്ടന്‍റ് കിട്ടണം. പൂട്ടിക്കിടക്കുന്ന എല്ലാ തിയറ്ററുകള്‍ക്കും കണ്ടന്‍റ് കിട്ടണം. അല്ലാതെ പകുതി തിയറ്ററുകള്‍ തുറന്ന്, പകുതി തുറക്കാതെയുള്ള അവസ്ഥ വരാന്‍ പാടില്ല. എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്‍ത് ഒരു ഉത്സവപ്രതീതിയോടെ ഈ സിനിമയെ വരവേല്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം. പരമാവധി പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് നമ്മുടെ നയം. അതിനായി ഇത്രയും ടൈറ്റില്‍ വാല്യു ഉള്ള ഒരു പടം ഇന്ന് മലയാളത്തില്‍ വേറെ ഇല്ല. അതുകൊണ്ടാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. മൂന്നാഴ്ചത്തേക്ക് മറ്റൊരു സിനിമയും ഫിയോകില്‍ അംഗങ്ങളായിട്ടുള്ള തിയറ്റര്‍ ഉടമകള്‍ റിലീസ് ചെയ്യില്ല", വിജയകുമാര്‍ പറയുന്നു.