ദില്ലി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവിയിലേക്ക് മലേഷ്യ വീണ്ടുമെത്തി. ഇന്തോനേഷ്യയെ മറികടന്നാണ് മുന്നേറ്റം. 2020-21 സാമ്പത്തിക വർഷത്തിലാണിത്. ഇന്തോനേഷ്യ ഭക്ഷ്യ എണ്ണ കയറ്റുമതി ചെയ്യുന്നതിന് മുകളിൽ ഉയർന്ന നികുതി ചുമത്തിയതാണ് മലേഷ്യയ്ക്ക് സഹായകരമായത്.
മലേഷ്യയുടെ ഇന്ത്യയിലേക്കുള്ള പാമോയിൽ വിതരണം 238 ശതമാനം വർധിച്ച് 2.42 ദശലക്ഷം ടണ്ണിലെത്തി. 2020 നവംബർ ഒന്നിന് ആരംഭിച്ച മാർക്കറ്റിങ് വർഷത്തിലെ കണക്കാണിതെന്ന് ഡാറ്റ ശേഖരിച്ച ദി സോൾവന്റ് എക്സ്ട്രാക്ടേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു.
ഇതേ സമയത്ത് ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പാമോയിൽ വിതരണം 32 ശതമാനം ഇടിഞ്ഞ് രണ്ട് ദശലക്ഷം ടണ്ണായി. ഡിസംബറിലാണ് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയ്ക്ക് മുകളിൽ ഇന്തോനേഷ്യ സർക്കാർ ഉയർന്ന നികുതി ചുമത്തിയത്. എന്നാൽ ഇന്തോനേഷ്യ കയറ്റുമതി തീരുവ കുറച്ചാൽ പിന്നെ മലേഷ്യയിൽ നിന്നുള്ള കയറ്റുമതി വീണ്ടും ഇടിയുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.