ന്യൂഡൽഹി: ട്വിറ്ററിന് നൽകിയ നിയമ പരിരക്ഷ അവസാനിച്ചുവെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദ് . ഇക്കാര്യത്തിൽ സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിന് ഇന്ത്യയിൽ നിയമ പരിരക്ഷ ലഭിക്കാൻ അർഹതയുണ്ടോ എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനുള്ള മറുപടിയായാണ് രവിശങ്കർ പ്രസാദിൻറെ ട്വീറ്റ് .
കേന്ദ്ര സർക്കാർ പുതിയ ഐടി നിയമം നടപ്പാക്കിയിട്ടുണ്ട്. മെയ് 26 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടു എന്നതാണ് വസ്തുതയെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
സർക്കാർ ഉണ്ടാക്കിയ ചട്ടം ട്വിറ്റർ പാലിക്കുന്നില്ല. അതിനാൽ ഈ നിയമ പരിരക്ഷ അവസാനിച്ചു. ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരമാണ് ട്വിറ്ററിന് ഈ നിയമ പരിരക്ഷ ലഭിച്ചത്. ഏതെങ്കിലും നിയമപരമായ നടപടി, മാനനഷ്ടം അല്ലെങ്കിൽ പിഴ എന്നിവയിൽ നിന്ന് ട്വിറ്ററിനെ ഐടി വിഭാഗം ഒഴിവാക്കിയിരുന്നു.
എന്നാൽ ഇനി ആ പരിരക്ഷ ലഭിക്കില്ലെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ട്വിറ്ററിന് സർക്കാർ നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ ട്വിറ്റർ ഓരോ തവണയും നിയമങ്ങൾ അവഗണിച്ചുകൊണ്ടിരിക്കുകയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു
ഇന്ത്യയുടെ സംസ്കാരം അതിന്റെ ഭൂമിശാസ്ത്രത്തിനനനുസരിച്ച് വ്യത്യസ്തമാണെന്നും ഒരു ചെറിയ തീപ്പൊരി പോലും വലിയ തീപിടുത്തത്തിന് കാരണമാകുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. സോഷ്യൽ മീഡിയയിലെ പ്രത്യേകിച്ചും വ്യാജവാർത്തകളുടെ അപകടങ്ങൾ ഇന്ത്യയിൽ വളരെ കൂടുതലാണ്.
ട്വിറ്റർ പാലിക്കാത്ത പുതിയ ഐടി നിയമങ്ങളിൽ ഇത് നിയന്ത്രിക്കുന്നതും തടയുന്നതും ഒരു പ്രധാന നിയമമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവായി സ്വയം ചിത്രീകരിക്കുകയും നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ട്വിറ്റർ ഐടി നിയമങ്ങൾ അവഗണിച്ചതിൽ അതിശയമുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
ഭൂമിയുടെ നിയമം അനുശാസിക്കുന്ന ഒരു പ്രക്രിയ സ്ഥാപിക്കാൻ വിസമ്മതിച്ചുകൊണ്ട് ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിലും ട്വിറ്റർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വിറ്റർ സ്വന്തമായി ഒരു നയം തിരഞ്ഞെടുക്കുകയാണെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.