ഇന്ത്യയുടെ വാക്‌സിനിൽ വിശ്വാസമില്ലാത്ത ഏക കുടുംബം : സോണിയയ്ക്കും രാഹുലിനുമെതിരെ വിമർശനവുമായി പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനെടുക്കാൻ തയ്യാറാകാത്ത സോണിയയേയും രാഹുലിനേയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യത്തെ സർവ്വസാധാരണക്കാരനും പ്രമുഖവ്യക്തികളുമടക്കം വാക്‌സിനെടുക്കുകയാണ്. എന്നാൽ സ്വന്തം രാജ്യത്തിന്റെ വാക്‌സിനിൽ വിശ്വാസമില്ലാത്ത ഏക കുടുബമാണ് സോണിയയുടേതെന്ന് പ്രഹ്ലാദ് ജോഷി ആരോപിച്ചു.

ജനുവരിയിൽ നമ്മൾ വാക്‌സിനേഷൻ ആരംഭിച്ചപ്പോൾ കോൺഗ്രസ്സ് ഒന്നടങ്കം ഇന്ത്യയുടെ വാക്‌സിന്റെ ഗുണമേന്മയിൽ സംശയംപ്രകടിപ്പിച്ചു. ഇന്ന് ലോകരാജ്യങ്ങൾ പോലും ഇന്ത്യയുടെ വാക്‌സിനായി കാത്തിരിക്കുന്നു. എന്റെ അറിവനുസരിച്ച് സോണിയയും രാഹുലും ഇതുവരെ വാക്‌സിനെടുക്കാൻ തയ്യാറായിട്ടില്ല. ഈ നേതാക്കൾക്ക് ഇന്ത്യയുടെ വാക്‌സിനിൽ വിശ്വാസ മില്ലെന്നാണ് ഇത് തെളിയിക്കുന്നത്.’ പ്രഹ്ലാദ് ജോഷി പറഞ്ഞു.

രാജ്യത്തെ മുഴുവൻ വാക്‌സിനേഷന്റെ ഉത്തരവാദിത്തവും കേന്ദ്രസർക്കാർ ഏറ്റെടുക്കു ന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ സൗജന്യമാക്കാനുള്ള പ്രവർത്തനം ജൂൺ 21ന് ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. 25ശതമാനം വാക്‌സിൻ സ്വകാര്യമേഖലയിലടക്കം ലഭ്യമാക്കാനും നടപടിയായി. ഇതിനിടെയാണ് കോൺഗ്രസ്സ് നേതാക്കളുടെ നിഷേധാത്മക നിലപാടിനെ കേന്ദ്രമന്ത്രി കടുത്തഭാഷയിൽ വിമർശിച്ചത്.