ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ വ്യക്തികളെ നിയോഗിച്ചെന്ന പ്രചരണം തള്ളി ബിജെപി ദേശീയ നേതൃത്വം. പാര്‍ട്ടിക്ക് വിലയിരുത്തലുകളും റിപ്പോര്‍ട്ടുകളും നല്‍കാന്‍ സംഘടനാ സംവിധാനങ്ങളുണ്ട്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നപോലെ നേതൃത്വം ഇതിനായി പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമ സ്ഥാപനങ്ങള്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിനോട് സ്ഥിരീകരിക്കണമെന്നും ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ആവശ്യപ്പെട്ടു.
കേരളത്തില്‍ ബിജെപിയുടെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ ദേശീയ നേതൃത്വം ബ്യൂറോക്രാറ്റുകളെ നിയോഗിച്ചു എന്നായിരുന്നു മുന്‍ധാരാ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നേതൃത്വത്തിനെതിരായി ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും മാധ്യമങ്ങള്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നല്‍കി. ഇതിനെതിരായാണ് ദേശീയ ജനറല്‍ സെക്രട്ടറി മുന്നോട്ട് വന്നിരിക്കുന്നത്.