ന്യൂഡൽഹി : രാജ്യത്ത് പെട്രോളിയം- പ്രകൃതി വാതക ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില കുറയ്ക്കാൻ ജിഎസ്ടിയിൽ ഉൾപ്പെടുത്തുകയാണ് പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില അടിക്കടി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം
അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസങ്ങളാണ് രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്ന പ്രധാന ഘടകം. പെട്രോളിയം മന്ത്രാലയത്തിന്റെ താക്കോൽ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ പെട്രോളിയം- പ്രകൃതി വാതക ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തണം. ജിഎസ്ടി കൗൺസിലിന്റെ തീരുമാന പ്രകാരമാകും ഇതുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികളെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
ക്രൂഡോയിൽ വിലയിലെ വർദ്ധനവാണ് രാജ്യത്ത് ഇന്ധന വില വർദ്ധിക്കുന്നതിന് പ്രധാന കാരണം. ക്രൂഡോയിൽ വില ബാരലിന് 70 ഡോളർ കടന്നു. രാജ്യത്തിന് ആവശ്യമായ 80 ശതമാനം എണ്ണയും സർക്കാർ ഇറക്കുമതി ചെയ്യുകയാണ്. ഇതാണ് ഉപഭോക്താക്കളിൽ അമിത ഭാരം ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.