ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം കുടുംബവുമൊത്ത് ക്ഷേത്ര ദർശനം നടത്തിയത്. ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് ഭഗവാനെ കാണാൻ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദർശനത്തിനായി എത്തിയ രമണയെ തിരുമല തിരുപ്പതി ദേവസ്ഥാനം അദ്ധ്യക്ഷൻ വൈ.വി സുബ്ബ റെഡ്ഡിയാണ് സ്വാഗതം ചെയ്തത്. ക്ഷത്രം അധികൃതർക്കൊപ്പമായിരുന്നു അദ്ദേഹവും കുടുംബവും ദർശനം നടത്തിയത്. തുടർന്ന് രങ്കനായാകുല മണ്ഡപത്തിൽ നിന്നും പ്രസാദം വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.
മടങ്ങുന്നതിന് മുൻപ് ബേദി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലും ചീഫ് ജസ്റ്റിസും കുടുംബവും ദർശനം നടത്തി. ചീഫ് ജസ്റ്റിസിനൊപ്പം ആന്ധ്രാപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് കെ. ലളിത കുമാരി, ചിറ്റൂർ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര ബാബു, തിരുപ്പതി അഡീഷണൽ ജില്ലാ ജഡ്ജി വീരജു, പ്രോട്ടോകോൾ മജിസ്‌ട്രേറ്റ് പവൻ കുമാർ എന്നിവരും ഉണ്ടായിരുന്നു.
വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹത്താൽ പല അത്ഭുതങ്ങളും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് എത്താൻ കാരണം വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹമാണ്. ഭഗവാന്റെ കൃപയോടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കൂടുതൽ ഉന്നതങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.