പട്ന : ബീഹാറിൽ ഹൈന്ദവ ക്ഷേത്രത്തിനു നേരെ ആക്രമണം . വെസ്റ്റ് ചമ്പാരനിലെ ബെട്ടയ്യ സബ് ഡിവിഷനിൽ ബസ്വാരിയ ധൂനിയപ്പട്ടിയിലുള്ള രാം ജാനകി ക്ഷേത്രത്തിനു നേരെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്
ശ്രീരാമന്റെയും ,സീതാദേവിയുടെയും വിഗ്രഹങ്ങൾ തല്ലിതകർത്ത നിലയിലാണ് . രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പുരോഹിതൻ കുളിച്ച് വേഷം മാറി വരുന്നതിനിടയ്ക്കാണ് ആക്രമണമുണ്ടായത് . വിഗ്രഹങ്ങൾ തകർന്ന് കിടക്കുന്നത് കണ്ടതോടെ രേഖാമൂലം സിറ്റി പോലീസിൽ പരാതി നൽകി, ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
അതേ സമയം ക്ഷേത്രം നശിപ്പിക്കപ്പെട്ടുവെന്നും വിഗ്രഹങ്ങൾ തകർക്കപ്പെട്ടെന്നും അറിഞ്ഞതോടെ ഹിന്ദുവിശ്വാസികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി . സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെട്ടയ്യ-നൗട്ടൻ റോഡ് വിശ്വാസികൾ ഉപരോധിച്ചു .
മേഖലയിൽ സാമുദായിക പ്രകോപനം ഉണ്ടാക്കാൻ ഗൂഢാലോചന നടക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു . നിരവധി ചൂത് കളിക്കാരും, മദ്യപാനികളും ക്ഷേത്രത്തിന് ചുറ്റും തമ്പടിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു. 24 മണിക്കൂറിനുള്ളിൽ കുറ്റവാളികളെ പിടികൂടുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിന് ശേഷമാണ് ആളുകൾ പിരിഞ്ഞു പോയത് .