ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടും സംസ്ഥാനത്ത് കോറോണ മരണ നിരക്ക് കുറയാത്തതിൽ ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിൽ മരണ നിരക്ക് കുറയാതെ തുടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. അതേ സമയം പരിശോധനകളുടെ എണ്ണം കുറക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടി ആകുമെന്ന ഭീതിയും ആരോഗ്യ വിദഗ്ധർക്കുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആയി താഴ്ന്നു. രോഗവ്യാപനം കുറയുന്നതിന്റെ ശുഭ സൂചനയായാണ് ആരോഗ്യ വകുപ്പ് ഇതിനെ വിലയിരുത്തുന്നത്. എന്നാൽ മരണ നിരക്ക് കുറയാത്ത അവസ്ഥ ആശങ്കാജനകമാണ്. കഴിഞ്ഞ ദിവസം മാത്രം 206 കോറോണ മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണം 11,181 ആയി. കഴിഞ്ഞ മാസം അവസാനത്തോടെ മരണ നിരക്കിൽ കാര്യമായ കുറവുണ്ടായേക്കുമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലുകൾ.

എന്നാൽ കണക്കുകൂട്ടൽ എല്ലാം തെറ്റിച്ച് മരണക്കുതിപ്പ് തുടരുകയാണ്. ഔദ്യോഗിക കണക്കുകളിൽ പെടാതെ പോകുന്ന അനവധി കൊറോണ മരണങ്ങളും സംഭവിക്കുന്നു. രോഗം ഭേദമായ ശേഷം നിമോണിയ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നു.

അതേസമയം പരിശോധനകളുടെ എണ്ണത്തിലുണ്ടായ കുറവ് തിരിച്ചടി ആയേക്കുമെന്ന ആശങ്ക ആരോഗ്യ വിദഗ്ധർക്കുണ്ട്. ഇന്നലെ 94,677 പരിശോധനകൾ മാത്രമാണ് നടന്നത്. അതിന് മുന്നെ 108734 പരിശോധനകളും നടന്നു. ഒന്നര ലക്ഷത്തോളം പ്രതിദിന പരിശോധനകൾ നടന്ന സ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുറക്കുന്നത് കനത്ത തിരിച്ചടി ആയേക്കുമെന്ന ആശങ്ക ആരോഗ്യ വിദഗ്ധർക്കുണ്ട്. പരിശോധനകൾ വർധിപ്പിച്ചാൽ മാത്രമേ സംസ്ഥാനത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ എന്നാണ് വിദഗ്ധാഭിപ്രായം.
Tags